അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ…
അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തോന്നാൻ തുടങ്ങി…
വെറുതെ ഒരു തോന്നൽ അല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്കും , എങ്ങിനെ അത് ചെയ്യണം എന്ന പ്ലാനിങ്ങും എല്ലാം ഉൾപ്പെട്ട എനിക്ക് ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു തോന്നലായിരുന്നു അത്. വീടിനടുത്തുള്ള ട്രെയിൻ ട്രാക്ക് ഒരു വലിയ ആകർഷണമായിരുന്നു , അധികം വേദനയെടുക്കാതെ, പെട്ടെന്ന് തന്നെ ജീവിതം അവസാനിപ്പിക്കാൻ എളുപ്പമുള്ള ഒരു വലിയ ആകർഷണം.
നമ്മളിൽ പലർക്കും ആത്മഹത്യ ചെയ്യാൻ തോന്നുന്നത് ഒന്നുകിൽ ഒരു ബന്ധം തകരുമ്പോൾ, അല്ലെങ്കിൽ സാമ്പത്തികമായി ഒരു തരത്തിലും രക്ഷപെടാൻ കഴിയാതെ ഇരിക്കുമ്പോൾ, ഒരു പക്ഷെ പക്വതയില്ലാത്ത സമയത്ത് പരീക്ഷ തോറ്റതിന് വീട്ടുകാർ വഴക്കു പറയുമ്പോൾ ഒക്കെയായിരിക്കും. പലപ്പോഴും ഒന്നോ രണ്ടോ മണിക്കൂർ അല്ലെങ്കിൽ ഒരു ആഴ്ചയോ മാസമോ കഴിയുമ്പോൾ നമ്മൾ അതിൽ നിന്ന് പുറത്തുവരികയും ചെയ്യും.
എന്റെ കാര്യത്തിൽ ജീവിത വിജയത്തിന്റെ ഏതാണ്ട് എല്ലാ ടിക്ക് മാർക്കുകളും എന്റെ ഇപ്പോഴുള്ള ജീവിതത്തിൽ ഉണ്ട്. നല്ല വിദ്യാഭ്യാസം, നല്ല ജോലി, സ്വന്തമായി വീട്, അമേരിക്കയിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിതം, സ്നേഹിച്ച , എന്നെ ജീവനെപോലെ സ്നേഹിക്കുന്ന ഒരു പങ്കാളി, ആരോഗ്യമുള്ള കുട്ടികൾ, ജീവിതത്തിൽ സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
ജീവിതത്തിൽ നിരാശ തോന്നുന്നതാണ് മറ്റൊരു സന്ദർഭം ആളുകൾ മധ്യവയസ് എത്തുമ്പോൾ കടന്നു പോകുന്ന മിഡ്ലൈഫ് ക്രൈസിസ് സമയത്താണ്. നമ്മളിൽ പലരും ചെറുപ്പത്തിൽ ജീവിതം പഠിക്കാൻ ചിലവാക്കുകയും, യുവത്വത്തിൽ ജോലി കിട്ടാനും, ജോലി കിട്ടി കഴിഞ്ഞാൽ നമ്മുടെ കുടുംബം സ്വരുകൂട്ടാനും അതിനു ശേഷം വിവാഹം കഴിഞ്ഞു കുട്ടികളെ വളർത്താനും, കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനും ഒക്കെ ആയി വളരെ തിരക്കിൽ ജീവിക്കുന്നവരാണ്. പക്ഷെ മധ്യവയസ് ആകുമ്പോൾ നമ്മുടെ കുട്ടികൾ കോളേജിൽ എത്തിക്കഴിഞ്ഞോ, വിവാഹം കഴിഞ്ഞു സ്വന്തം കുടുംബം ആയി ജീവിക്കാൻ തുടങ്ങുമ്പോഴോ , ഇനി എന്ത് എന്ന ഒരു ചോദ്യം ഉയർന്നു വരും. ചിലരെങ്കിലും മിഡ് ലൈഫ് ക്രൈസിസിൽ വീഴുന്ന സമയം ഇതാണ്. ചിലർ സാമൂഹിക സേവനത്തിലേക്ക് തിരിയും, ചിലർ യാത്രകൽ ചെയ്യും അമേരിക്കയിൽ പലരും ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് മുതൽ ബൈക്ക് വാങ്ങുന്നത് വരെ ഈ സന്ദർഭത്തിലാണ്, പക്ഷെ ഇതും ആത്മഹത്യാ പ്രവണത തോന്നിക്കുന്ന ഒന്നല്ല.
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാൻ പോലുമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. പക്ഷെ അക്കാലത്തു വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകമാണ്, എനിക്ക് വിഷാദ രോഗം അഥവാ ക്ലിനിക്കൽ ഡിപ്രെഷൻ ആകാൻ സാധ്യതയുണ്ട് എന്ന് എനിക്ക് മനസിലാക്കി തന്നത്. ഇംഗ്ലീഷിൽ നമ്മൾ സയൻസ് എന്ന് പറയുന്ന സംഭവത്തെയും , സംസ്കൃതത്തിലെ ടെക്സ്റ്റ് എന്ന അർത്ഥത്തിൽ വരുന്ന, ഗൗളി ശാസ്ത്രം മുതൽ ഹസ്തരേഖാ ശാസ്ത്രം വരെയുള്ള കാര്യങ്ങളെയും ഒരേ വാക്കായ ശാസ്ത്രം എന്ന് വിളിക്കുന്ന വഴി മലയാളഭാഷ ഉണ്ടാക്കി വച്ച ആശയകുഴപ്പം നിലനിൽക്കുന്ന മറ്റൊരു മേഖലയാണ് വിഷാദരോഗം. ഒരാൾക്കു സങ്കടം വരുമ്പോൾ ഉപയോഗിക്കുന്ന വിഷാദം എന്ന അതെ വാക്ക് തന്നെയാണ് ക്ലിനിക്കൽ ഡിപ്രെഷൻ എന്നതിനും നമ്മൾ ഉപയോഗിക്കുന്നത് അതുകൊണ്ടാണ് വിഷാദരോഗം ഉള്ള ഒരാളോട് നമ്മളിൽ പലരും ഒരു പാട്ട് കേൾക്കുകയോ തമാശ സിനിമ കാണുകയോ ചെയ്താൽ വിഷാദം മാറുമെന്ന് പറയാൻ കാരണം, രണ്ടും വളരെ വ്യത്യസ്തങ്ങളായ രണ്ട കാര്യങ്ങളാണ്. വിഷാദ രോഗം ഒരു രോഗമാണ്, തലച്ചോറും ഹോർമോണുകളും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന, ചികിത്സയുള്ള , ചികിത്സാ തേടേണ്ട ഒരു രോഗം, കുറച്ചു നേരത്തേക്ക് ദുഃഖം തോന്നുന്ന വിഷാദം ചികിത്സാ വേണ്ട ഒന്നല്ല, അത് ജീവശാസ്ത്രപരമായി തലച്ചോറിനെ ബാധിക്കുന്ന ഒന്നല്ല. എന്റെ കാര്യത്തിൽ എനിക്ക് വിഷാദ രോഗമായിരുന്നു എന്ന് എന്റെ ഡോക്ടർ കൺഫേം ചെയ്തു. ചികിത്സാ തേടാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു. പ്രമേഹ രോഗം ഉള്ള ഒരാളോട് നമ്മൾ നല്ല പാട്ടുകൾ കേട്ട്, തമാശ സിനിമകൾ കണ്ടൊക്കെ ഇരുന്നാൽ പ്രമേഹം മാറുമെന്ന് നമ്മളാരും പറയില്ലല്ലോ, അതുപോലെ വിഷാദരോഗത്തിനും മാനസിക വിദഗ്ധരുടെ ചികിത്സയാണു വേണ്ടത്.
ഡിപ്രെഷനെ കുറിച്ച് വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്. നമ്മൾ കൈ പൊള്ളിയാൽ പെട്ടെന്ന് പിൻവലിക്കുന്നത് നമ്മുടെ നാഡീവ്യൂഹം പ്രവർത്തിക്കുന്നത് കൊണ്ടാണ്. ഇങ്ങിനെ തലച്ചോറും മറ്റു ശരീരഭാഗങ്ങളും, തലച്ചോറിലെ വിവിധ ഭാഗങ്ങളും പരസ്പരം സന്ദേശങ്ങൾ അയക്കുവാൻ വേണ്ടി നാഡീവ്യൂഹം ഉപയോഗിക്കുന്ന ചില രാസപദാര്ഥങ്ങളാണ് ന്യൂറോ ട്രാൻസ്മിറ്റർസ് എന്നറിയപ്പെടുന്നത്. സെരടോണിൻ, സന്തോഷ ഹോർമോൺ എന്നറിയപ്പെടുന്ന ഡോപമൈൻ , norepinephrin തുടങ്ങി നൂറു കണക്കിന് ന്യൂറോട്രാൻസ്മിറ്ററുകൾ നമ്മുടെ ശരീരം ദൈനം ദിന പ്രവർത്തനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ മേല്പറഞ്ഞ ഹോർമോണുകൾ നമ്മുടെ ജീവിതം സന്തോഷമായിരിക്കുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ത്വര നൽകുന്ന, തലച്ചോറിലെ pleasure pathway യിൽ ഒക്കെ ഉപയോഗിക്കുന്നതാണ്. ഈ ഹോർമോണിന്റെ അളവിലോ പ്രവർത്തനത്തിന്റെ ചെറിയ മാറ്റങ്ങൾ വന്നാൽ അത് നമുക്ക് വിഷാദരോഗം ഉണ്ടാക്കും. തൈറോയ്ഡ് ഹോർമോണിന്റെ കുറവ് പോലും വിഷാദരോഗത്തിന് കാരണമാകാം.
പലരിലും വിഷാദരോഗം തുടങ്ങുന്നതിന് ഒരു ട്രിഗർ ഉണ്ടാകും. എന്റെ കാര്യത്തിൽ ബാപ്പയുടെ മരണമായിരുന്നു അതെന്നു തോന്നുന്നു. ബാപ്പയുടെ മരണത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന സമയത്താണ് കൊറോണ വരുന്നത് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ പ്രിയപെട്ടവരുടെ മരണം മൂലമുള്ള ദുഖത്തെ നമ്മൾ എല്ലാവരും പല സ്റ്റേജുകളിൽ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. നിഷേധം, ദേഷ്യം, പൊരുത്തപ്പെടാനുള്ള ശ്രമം , വിഷാദം, വസ്തുതയെ സ്വീകരിക്കൽ എന്നിങ്ങനെ ഏതാണ്ട് അഞ്ച് സ്റ്റേജുകളാണ് ഇതിലുള്ളത്. പലരും ഒരു മാസമോ മറ്റോ കൊണ്ട് ഈ അഞ്ചു സ്റ്റേജുകളും കടന്നുപോകുമെങ്കിലും, മരണശേഷം നാട്ടിൽ പോകാൻ കഴിയാതെ വരുന്ന പ്രവാസികൾ ഇതിൽ ചിലതിൽ തളച്ചിടപ്പെട്ടു പോകാറുണ്. ഒരു closure ഇല്ലാത്ത അവസ്ഥ. ഞാൻ പെട്ടുപോയാൽ വിഷാദാവസ്ഥയിലാണ്.
വിഷാദരോഗത്തിന് ഒരു ജനിതക കാരണം കൂടി ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു പ്രത്യേക ജീൻ ഉള്ളവരിൽ ഇത്തരം അനുഭവങ്ങൾ വിഷാദത്തിലേക്ക് നയിക്കാൻ കൂടുതൽ കാരണമായി തീരാറുണ്ട്. മറ്റൊന്ന് ശരീരത്തിലെ ഹോര്മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. ആർത്തവം, പ്രസവം, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിൽ സ്ത്രീ ശരീരത്തിലെ Estrogen, progesterone എന്നീ ഹോര്മോണുകളുടെ അളവുകളിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും അത് മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാൻ സാധ്യതയായുണ്ട്. പ്രസവത്തിനു ശേഷമുള്ള പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇതാണ്. പലരും ഇത് മനസിലാക്കാതെ “അവൾക്ക് എങ്ങിനെ കുട്ടിയെ ഉപദ്രവിക്കാൻ തോന്നി” എന്നൊക്കെ പത്രവാർത്തകൾ കണ്ടു കമന്റ് ചെയ്തു ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീകൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണ്.
ഏതാണ്ട് ഇരുപത് ശതമാനം ആളുകൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഡിപ്രെഷൻ ഉണ്ടാകുന്നു എന്നാണ് കണക്ക്. എന്ന് വച്ചാൽ നിങ്ങൾക്ക് പത്ത് കൂട്ടുകാരുണ്ടെങ്കിൽ രണ്ടു പേര് വിഷാദരോഗത്തിലൂടെ കടന്നു പോയിട്ടുണ്ട്, അല്ലെങ്കിൽ കടന്നു പോകാൻ സാധ്യതയുണ്ട്. എന്റെ അനുഭവത്തിൽ ഒരാൾക്കു വരാവുന്ന ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണ് വിഷാദരോഗം, കാരണം അത്രകണ്ട് നിരാശ ബാധിച്ച് ജീവിതത്തെ വെറുക്കുന്ന ഒരു അവസ്ഥയിലൂടെ ആവും നമ്മൾ കടന്നുപോവുക, ഇതൊരു രോഗമാണ് എന്ന് രോഗിക്ക് തന്നെ മനസിലാകാത്ത ഒരു വല്ലാത്ത അവസ്ഥ.
ഇനി മനസിലായാൽ തന്നെ നമ്മുടെ നാട്ടിൽ ഏതാണ്ട് എല്ലാ മാനസിക രോഗങ്ങൾക്കും ഒരു വാക്കാനുള്ളത് , ഭ്രാന്ത്. സമൂഹം വലിയ തോതിൽ തെറ്റിദ്ധാരണ പുലർത്തുന്ന ഒരു മേഖലയാണ് വിഷാദരോഗവും ചികിത്സയും. ഒരു പനി വന്നു , മരുന്ന് കഴിച്ചു മാറിയ ഒരാളെ നമ്മൾ എങ്ങിനെ അതിനെ കുറിച്ച് വീണ്ടും വീണ്ടും പറയാതെ സ്വീകരിക്കുന്നുവോ അതുപോലെ തന്നെ മരുന്ന് കഴിച്ചു വിഷാദരോഗം മാറിയ ഒരാളെയും അതേപോലെ നമ്മൾ സ്വീകരിക്കണം. മറ്റൊന്ന് വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവർ ഇതൊരു രോഗാവസ്ഥയെന്ന് മനസിലാക്കാതെ ഇത് തങ്ങളുടെ എന്തോ തെറ്റുകൊണ്ട് സംഭവിക്കുന്നതെന്നു വിചാരിച്ചു കൂടുതൽ വിഷാദാവസ്ഥയിലേക്കും ആത്മഹത്യയിലേക്കും ചെന്നെത്തുന്നവരാണ്. ഇത് വായിക്കുന്ന നിരാശയും ആത്മഹത്യാ പ്രവണതയുമുള്ള ആളുകൾ ഉണ്ടെകിൽ, അല്ലെങ്കിൽ ഇതുപോലുള്ള സുഹൃത്തുക്കൾ നിങ്ങൾക് ഉണ്ടെങ്കിൽ ദയവായി മനസിലാക്കേണ്ട ഒരു കാര്യം ഇത് ഒരു രോഗാവസ്ഥയാണ് എന്നും നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുടെ കുറ്റം കൊണ്ടല്ല ഇത് സംഭവിക്കുന്നത് എന്നതാണ്. ഒരു ഡോക്ടറെ കാണുകയോ , സുഹൃത്തുക്കളോട് സംസാരിച്ചു ഒരു ഡോക്ടറെ കാണാൻ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും അഭികാമ്യം.
എന്റെ കാര്യത്തിൽ ഇപ്പോൾ വിറ്റാമിന് ഡി ടാബ്ലെറ്റും, ദിവസേന ജിമ്മിൽ പോയുള്ള അര മണിക്കൂർ ഓട്ടവുമാണ് തത്കാലം ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. വ്യായാമം നമ്മുടെ ശരീരത്തിൽ എൻഡോർഫിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുകയും ഡിപ്രെഷൻ കുറക്കാൻ സഹായിക്കുകയും ചെയ്യും. ഞാൻ വലിയ മരുന്നുകളും തെറാപ്പിയും ഒക്കെ പ്രതീക്ഷിച്ചാണ് പോയത്, പക്ഷെ ഇത്രയും കൊണ്ട് തന്നെ എനിക്ക് നല്ല മാറ്റം തോന്നുന്നുണ്ട്. ഇനി വേറെ മരുന്നുകൾ വേണമോ എന്നത് ഡോക്ടർ തീരുമാനിക്കേണ്ട കാര്യമാണ്. എല്ലാവര്ക്കും ഇതുപോലെ ആകണമെന്നില്ല, പക്ഷെ എല്ലാത്തരം വിഷാദ രോഗാവസ്ഥയ്ക്കും വളരെ ഫലപ്രദമായ മരുന്നുകൾ ഉള്ളത് കൊണ്ട് ഡോക്ട്ടറെ കാണുന്ന രോഗികളിൽ ഭൂരിപക്ഷം ആളുകൾക്കും രോഗം മാറുന്ന അവസ്ഥയാണ് ഉള്ളത്.
പലപ്പോഴും വിഷാദ രോഗികൾ ഉള്ള വീടുകളിൽ ഈ രോഗാവസ്ഥ അറിയാത്ത വീട്ടിലെ മറ്റുള്ളവർ കടന്നു പോകുന്ന അവസ്ഥ ഭീകരമായിരിക്കും. എന്തുകൊണ്ടാണ് രോഗി ഇങ്ങിനെ പെരുമാറുന്നത് എന്ന് ഈ രോഗത്തെ കുറിച്ചറിയാത്ത ആളുകൾക്ക് ഒരു തരത്തിലും മനസിലാകാത്ത ഒരു കാര്യമായിരിക്കും. ഈ രോഗത്തിന്റെ അടിസ്ഥാന സ്വഭാവം വീട്ടിലെ മറ്റുള്ളവർ മനസിലാക്കി കഴിഞ്ഞാൽ രോഗിയോട് സഹാനുഭൂതിയോടെ രോഗിയോട് ഇടപഴകാൻ കഴിയും.
ഞാൻ ഏതാണ്ട് ഒരു വർഷത്തോളം വിട്ടു നിന്നപ്പോൾ ഫേസ്ബുക്കിലൂടെയും നേരിട്ട് വിളിച്ചും അന്വേഷണം അറിയിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഞാൻ ഇപ്പോൾ ഇതുപോലെ ഒരു പോസ്റ്റ് എഴുതാൻ നിങ്ങൾ ഓരോരുത്തതും കാരണമാണ്. ഫേസ്ബുക്കിനെ കുറിച്ചു എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും, വിഷാദരോഗത്തെ കുറിച്ചെല്ലാം കൂടുതൽ അറിയാനും മെസ്സഞ്ചർ വഴിയും അല്ലാതെയും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ അന്വേഷണം ജീവിതത്തെ പിടിച്ചു നിർത്താൻ സഹായിചതുമെല്ലാം നോക്കുമ്പോൾ ഫേസ്ബുക് ചില സമയങ്ങളിൽ ഒരു ലൈഫ് സേവർ തന്നെയാണ്.
ഇന്ന് എന്റെ അമ്പതാമത്തെ പിറന്നാളാണ്. ജീവിതം തന്നെ മാറ്റിമറിച്ച ഒരു വർഷമാണ് കടന്നു പോയത്. ഒന്നോ രണ്ടോ മില്ലി ലിറ്റർ ഹോർമോണുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തകർന്നു പോകുന്ന അതിലോലമായ മനുഷ്യ ജീവിതത്തിൽ സമയം കണ്ടെത്തി അന്വേഷണം അറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സ്നേഹം. ഇനിയും കുറെ എഴുതണം എന്നാണ് ആഗ്രഹം, ശരീരവും മനസും അനുവദിച്ചാൽ തീർച്ചയായും എഴുത്ത് തുടരും.
നന്ദി…
Very touching and insightful. Thank you
ഹൃദയസ്പർശിയായ അനുഭവ വിവരണം… ✨️ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ജീവിതത്തിലേക്ക്ര കൂടുതൽ കരുത്തോടെ തിരിച്ചെത്താൻ , പ്രചോദനം നൽകുന്ന അനുഭവകുറിപ്പ്.
🙏