ഒന്നാലോചിച്ചു നോക്കൂ നിങ്ങൾ അതി
മനോഹരമായി ഒരുദ്യാനത്തിലാണ്, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരോട് ഒപ്പം സന്തോഷത്തോടെ ഇരിക്കുമ്പോൾ പെട്ടെന്ന് നിങ്ങൾ ഒരു കുഴിയിലേക്ക് വീഴുന്നു, വെളിച്ചമില്ലാത്ത, ശബ്ദങ്ങളില്ലാത്ത, ഗന്ധങ്ങളില്ലാത്ത ഒരു പടുകുഴിയിലേക്ക്. സംവേദനങ്ങൾ എല്ലാം നഷ്ടപ്പെട്ടതായി നിങ്ങക്കനുഭവപ്പെടുന്നു. നിങ്ങൾ എവിടെയാണ്, എവിടെയായിരുന്നു, നിങ്ങൾ ആരാണ് എന്നു പോലും മറന്നിരിക്കുന്നു. നിങ്ങൾ ശ്വാസോച്ഛ്വാസം ചെയ്യുന്നു, എങ്കിലും നിങ്ങൾ അകമേ മരിച്ചിരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്നത് ഒന്നു മാത്രം – ഒരു മരവിപ്പ്. ഒന്നാലോചിച്ചു നോക്കൂ, നിങ്ങളെ കാണാതായിരിക്കുന്നു എന്നാരും അറിയാതെ അവിടെ ഒറ്റയക്ക് കുറെയേറെ ദിവസങ്ങൾ.
ദിവസങ്ങൾക്കു ശേഷം നിങ്ങളുടെ വേണ്ടപ്പെട്ടവർ ആ കുഴിയുടെ വക്കത്തെത്തുന്നു, കുഴിയിൽ നിന്ന് പുറത്തു വരാനും ഉദ്യാനത്തിലെ ഉല്ലാസം പങ്കുവെയ്ക്കാനും നിങ്ങളെ ക്ഷണിക്കുന്നു . നിങ്ങൾക്ക് ആ ശബ്ദം കേൾക്കാം. ആളെ കാണുകയും ചെയ്യാം. പക്ഷേ അയാൾക്കും നിങ്ങൾക്കും ഇടയിൽ സാരമായ ഒരു ദൂരമുണ്ടെന്ന് നിങ്ങളറിയുന്നു. ശരീരമൊന്നനങ്ങാൻ പോലും നിങ്ങൾക്കാവുന്നില്ല . പിന്നീട് മറ്റൊരാൾ വന്ന് പറയുന്നു. ”നിങ്ങൾ അഭിനയിക്കുകയാണ്, നിങ്ങൾ മടിച്ചിയാണ്, നിങ്ങൾ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണ്”. നിങ്ങൾക്ക് തോന്നുന്നു, നിങ്ങൾ താഴ്ന്നു പോകുന്നു, കുഴിയുടെ ആഴത്തിലേക്ക്, പക്ഷേ ആ പറഞ്ഞ ആൾക്ക് നിങ്ങളുടെ പിടച്ചിലോ വേദനയോ അറിയാൻ പറ്റുന്നില്ല.
പ്രസവാനന്തര വിഷാദം എന്ന യാഥാർത്ഥ്യം എന്നിലുണ്ടാക്കിയ അനുഭവം ഇതാണ്. രണ്ടാമത്തെ പ്രസവ ശേഷം ഉണ്ടായ ആ അനുഭവം എന്റെ ശേഷിച്ച ജീവിതത്തെ മാറ്റിമറിക്കാൻ കാരണമായി. ആദ്യം ഞാൻ കരുതി അത് ഒരു സാധാരണമായ മാനസികമാറ്റമായിരിക്കുമെന്ന്. ദിവസങ്ങൾ കഴിയുന്തോറും ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമായി. ചുറ്റും ആനന്ദമുഹൂർത്തങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ എനിക്കൊന്നും അറിയാൻ , അനുഭവിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്ന് എനിക്ക് അറിയാതെയായി. എന്റെ വികാരങ്ങൾ അറിയാൻ, പറയാൻ എനിക്കാവാതെയായി. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ , പല്ലുതേയ്്കാൻ ഏറ്റവും വേണ്ടപ്പെട്ടവരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാൻ; എല്ലാം പ്രയാസമായി.
ഞാൻ കടന്നുപോകുന്ന അവസ്ഥ ആരും മനസ്സിലാക്കുന്നില്ല; അതായിരുന്നു ഏറ്റവും ദുഃഖകരമായ കാര്യം. എന്റെ അകത്തെ മരവിപ്പ് അതവർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അവരെന്നോട് പറഞ്ഞത് ”നന്നായി ഭക്ഷണം കഴിക്കൂ, നന്നായി പ്രാർത്ഥിക്കൂ, നന്നായി ചിരിക്കൂ, അധികം ആലോചിക്കേണ്ട, എല്ലാം നിന്റെ തോന്നൽ മാത്രമാണ്, സന്തോഷിക്കാൻ ഏറെ കാര്യങ്ങൾ ഉണ്ടല്ലോ, അതു ശ്രദ്ധിക്കൂ, നിന്നെക്കാൾ വിഷമം അനുഭവിക്കുന്ന ഏറെ ആളുകൾ ഉണ്ട്, നീ സങ്കടപ്പെടുന്നതിൽ ഒരു ന്യായവുമില്ല” എന്നൊക്കെയാണ്. എങ്കിലും ഞാൻ ദുഃഖിക്കുന്നുണ്ടായിരുന്നില്ല. എന്റെ അകം മരവിച്ചു ഘനീഭവിച്ചിരുന്നു. ഒറ്റപ്പെടൽ അനുഭവപ്പെട്ടു. രാത്രിയിൽ ഇടമുറിയാതെ ഒന്നുറങ്ങാനായില്ല. ക്രമേണ ചിന്തകൾ തള്ളിക്കയറിത്തുടങ്ങി. ”പോയി മരിക്കൂ. നിനക്ക് ജീവിതത്തൽ ഒന്നും ചെയ്യാനില്ല, ജീവിക്കുന്നതിനേക്കാൾ എളുപ്പം മരിക്കുന്നതാണ്, നീ ഒരു മോശം അമ്മയാണ് , നീ മറ്റുള്ളവർക്കൊരു ഭാരമാണ്. നീ അവരുടെ സന്തോഷം നശിപ്പിക്കും”. എന്റെ അയുസ്സ്, അർഹനായ മറ്റൊരു വ്യക്തിക്ക് കൊടുക്കാനായെങ്കിൽ എന്ന് ഞാൻ ആശിച്ചു. ജീവിതവും മറ്റുള്ളവരുമായി ഇടപഴകാനുള്ള ശ്രമവും കൂടുതൽ വിഷമകരമായി.
കൂടുതൽ മാനസിക വിഷമങ്ങൾ കൈകകാര്യം ചെയ്യാൻ വയ്യാതായപ്പോൾ ഞാനെന്റെ ഗൈനോക്കോളജിസ്റ്റിനെ വിളിച്ചു. എന്റെ അവസ്ഥ വിവരിച്ചു. ”നന്നായി ഭക്ഷണം കഴിക്കൂ, ഉറങ്ങൂ, ആവശ്യമായപക്ഷം കാൽസ്യം ഗുളിക കഴിക്കുകയും ആകാം” അവർ വളരെ ലളിതമായി പറഞ്ഞു. ഞാൻ പറഞ്ഞതു കേൾക്കാൻ ആരുമില്ല എന്ന് എനിക്ക് തോന്നി. എന്റെ കാര്യത്തിൽ വലിയ വേവലാതി ഉണ്ടായിരുന്നിട്ടും ഒരു സൈക്കോളജിസ്റ്റിനെകാണാം എന്ന എന്റെ നിർദ്ദേശത്തിന് അനുകൂലമായ ഒരു പ്രതികരണമല്ല എന്റെ വീട്ടുകാരിൽ നിന്നുണ്ടായത്. ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാം എന്ന് സൂചിപ്പിച്ചപ്പോഴും ‘വേണ്ട’ എന്നായിരുന്നു പ്രതികരണം. ദിവസങ്ങൾക്ക് ശേഷം ഞാൻ തനിയെ ഒരു മെന്റൽ ഹെൽത്ത് സെന്ററിൽ പോയി.
അവവരെന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. ”വീട്ടിൽ വല്ല പീഡനങ്ങൾക്കും വിധേയമായിട്ടുണ്ടോ ? സ്ത്രീധന പ്രശ്‌നമുണ്ടോ ? ഭർത്താവ് കുടിയനാണോ ? പീഡിപ്പിക്കുന്നുണ്ടോ ? ഭർതൃവീട്ടുകാർ പ്രശ്‌നക്കാരാണോ ? ‘അല്ല’ എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അവർ പറഞ്ഞു. ”നിങ്ങൾക്ക് പ്രശ്‌നമൊന്നുമില്ല. വീട്ടിൽ പോയ്‌ക്കോളൂ , ആരോഗ്യകരമായ ഒരു ഗാർഹിക പശ്ചാത്തലം ഉള്ളവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവില്ല. നിങ്ങൾ ഒരു ലോല മനസ്‌കയാണ്. അത്രയേ ഉള്ളൂ” ഹൃദയത്തിൽ കത്തുന്നപോലൊരു വേദന തോന്നി. ഞാൻ എങ്ങനെയോ പുറത്ത് വന്ന് ഒരു ബഞ്ചിലിരുന്നു. എന്റെ വികാരങ്ങൾ ഒരു കടലാസ്സിൽ എഴുതിത്തുടങ്ങി. കണ്ണീർ
ഒഴുകുന്നുണ്ടായിരുന്നു. മാസങ്ങൾക്കു ശേഷമുള്ള ഈ കരച്ചിൽ തന്നെ ഒരു ആശ്വാസമായി. അതുവരെ എനിക്ക് എന്റെ വികാരങ്ങളെ വാക്കുകളിലൂടെ പ്രകടിപ്പിക്കാനായിരുന്നില്ല. ഞാൻ എഴുതിയ കടലാസ്സ് ഭർത്താവിനെ കാണിച്ചു . അദ്ദേഹമത് ഗൗരവമായെടുത്തു. എങ്ങനെ എന്നെ സഹായിക്കാം എന്ന് ആലോചിച്ചു. അധികം വൈകാതെ അദ്ദേഹം എംഹാറ്റിലെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.
സൈക്കോതെറാപ്പി സെഷൻ ആദ്യം കുറച്ച് കഠിനമായി തോന്നി. ചെറിയ പെരുമാറ്റ മാറ്റങ്ങൾ ആവശ്യമാണെന്ന് പതുക്കെ എനിക്ക്് മനസ്സിലായി. പടിപടിയായി എനിക്ക് എന്നിലേക്ക് വരേണ്ടിയിരിക്കുന്നു. ഞാൻ ചെറിയ തുടക്കത്തോടെ അതാരംഭിച്ചു. ആദ്യം ഡയറി എഴുതാൻ തുടങ്ങി. അടുത്ത സുഹൃത്തുക്കളോട് ചെറുതായി വീണ്ടും സംസാരിക്കാൻ തുടങ്ങി. കുടുംബത്തോടൊപ്പം യാത്ര ചെയ്തു. മുടിയൊന്നു വെട്ടിയതുപോലും എന്നിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ശരിയായ ഉറക്കത്തിന് മരുന്നുകൾ ആവശ്യമായിരുന്നു, റിലാക്‌സേഷൻ ടെക്‌നിക്
പരിശീലിക്കേണ്ടതുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ തെറാപ്പി സെഷനുമുണ്ടായിരുന്നു. വീട്ടുകാർക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. അവർ എനിക്ക് പിന്തുണ തന്നു. മെല്ലെ തെറാപ്പിയുടെയും മരുന്നിന്റെയും സഹായത്തോടെയും കുടുംബത്തിന്റെ പിൻബലത്തോടെയും ആ അവസ്ഥ അതിജീവിക്കാം എന്ന് എനിക്ക് ബോദ്ധ്യമായി. അപ്പോൾ ചില ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു: ”നല്ല വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന്റെ ഭാഗമായിട്ടും എന്തുകൊണ്ട് എന്റെ കുടുംബത്തിന് വിഷാദ രോഗത്തിന്റെ ആദ്യ ഘട്ടങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല ? എന്തുകൊണ്ട്് ഗൈനക്കോളജിസ്റ്റിനും മറ്റു ആരോഗ്യ പ്രവർത്തകർക്കും എന്നെഒരു വിധത്തിലും സഹായിക്കാനാ
യില്ല ? എന്റെ കുടുംബത്തിലെ ആരെങ്കിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാൻ ആരുടെ സഹായം തേടണം? മാനസികാരോഗ്യ പ്രശ്‌നങ്ങളോടുള്ള നിന്ദകാരണം എത്ര പേരാണ് നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരിക്കുന്നത് ? സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ മനോരോഗ പരിചരണം എങ്ങനെ നടക്കുന്നു? ഈ ചോദ്യങ്ങൾ എന്റെ മനസ്സിൽ വിടാതെ പിടഞ്ഞുകൊണ്ടിരുന്നു.
മനോരോഗങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിച്ചും മാനസിക രോഗങ്ങൾക്ക് പ്രൊഫഷണൽ സഹായം തേടുന്നതിലുള്ള അറപ്പ് ഒഴിവാക്കുന്നതിൽ ആവുന്നത് ചെയ്യാനും ഞാനുറപ്പിച്ചു. ഞാനിപ്പോൾ സൈക്കോളജിയിൽ ഉന്നത പഠനം നടത്തുന്നതിനൊടൊപ്പം എംഹാറ്റിലെ വോളന്റിയറുമാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. എംഹാറ്റിലെ ഇന്റേൺഷിപ്പ് പ്രോഗ്രാം എനിക്ക് വലിയ ഉൾക്കാഴ്ച നൽകി. ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഞാൻ അവരെ എംഹാറ്റിലേക്ക് അയക്കുന്നു. ദിവസങ്ങൾക്കു ശേഷം അവരിൽ നിന്ന് സന്തോഷകരമായ പ്രതികരണങ്ങൾ കിട്ടുമ്പോൾ ജീവിതം അർത്ഥവത്തായതായി തോന്നുന്നു. കടന്നുപോയ കഷ്ടപ്പാടുള്ള ദിവസങ്ങൾ എന്നെ ഞാനാക്കി. എന്റെ രോഗവിമുക്തി ഒരു തിരിച്ചുവരവിന്റെ കഥയാണ്.
ഇതു വായിച്ചവരോട്: ”മനോരോഗങ്ങളും ശാരീരിക രോഗങ്ങൾപോലെ തന്നെയാണ്, അവയ്ക്ക് ശരിയായ ചികിത്സ ആവശ്യമാണ്. മാനസിക രോഗം ഒരു വ്യക്തിയുടെ ദൗർബ്ബല്യത്തിന്റെ ലക്ഷണമല്ല. ഏതൊരാൾക്കും ഏതു പ്രായത്തിലും മാനസിക പ്രശ്‌നമുണ്ടാകാം. അതിനാൽ മാനസിക രോഗികളെ ശത്രുക്കളായി കാണരുത്. പകരം അവരോട് സൗമ്യമായി പെരുമാറുക.
പ്രസവാനന്തര വിഷാദരോഗം സാധാരണമാണ്. അത്തരം അവസ്ഥയിൽ നിന്ന് രോഗത്തിന്റെ പാരമ്യത്തിലെത്താതെ തടയുന്നതിന്, അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
എംഹാറ്റ് ചെയ്യുന്ന പ്രവൃത്തി സ്തുത്യർഹമാണ്്. ഒരാളും മാനസികരോഗം ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്. നമ്മളേവരും നമ്മുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചു തുടങ്ങിയാൽ അതിനോടുള്ള നിന്ദ തകരും. മാനസിക പ്രശ്‌നങ്ങളുടെ തുടക്കത്തെക്കുറിച്ച ആളുകൾ അവബോധമുള്ളവരാകും. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതോടെ തന്നെ സഹായം തേടുന്നതിൽ അവർ
പ്രാപ്തരാകും. ഏവർക്കും മാനസികാരോഗ്യമുള്ള ഒരു ലോകം ഉണ്ടാകട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ കഥ ഇതിന് ചെറിയ
ഒരു പ്രേരണയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
0 Comments